തിരുവനന്തപുരം : കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന്റെ പേരില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടറാണ് നോട്ടീസ് നല്‍കിയത്. പരസ്യം തയ്യാറാക്കിയപ്പോള്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.
പരസ്യ ചിത്രത്തിലെ ഡയലോഗായ ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോടെയാണ് കെ. സുധാകരന്‍ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പരസ്യം സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തു.
ഈ വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കണ്ണൂര്‍ എംപി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യംവെച്ചാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കില്‍ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്നാണ് പരാമര്‍ശം. ‘ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ’ എന്നും വീഡിയോയില്‍ പറയുന്നു.
വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേര്‍ത്താണ് സുധാകരന്‍ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്.