‘മുസ്ലിം പേരായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ട’; കെ സുധാകരന്‍

തിരുവനന്തപുരം: മൊഫിയ പര്‍വീണ്‍ കേസില്‍ സമരം ചെയ്തവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മത വെറി കോണ്‍ഗ്രസുകാരോട് വേണ്ടെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

“ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്,

‘മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍എസ്എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല.

നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും!”

നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശം. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍, പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശമാണ് വിവാദമായത്.

സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദമായ പരാമര്‍ശം.

Top