സഹിച്ചുകൊണ്ട് ആരും കോണ്‍ഗ്രസില്‍ തുടരേണ്ട; ആര്യാടന്‍ ഷൗക്കത്തിനെതിരെ കെ. സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് പരോക്ഷ മുന്നറിയിപ്പ് നല്‍കി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സഹിച്ചുകൊണ്ട് ആരും കോണ്‍ഗ്രസില്‍ തുടരേണ്ട കാര്യമില്ലെന്നും സന്തോഷത്തോടെ സഹവര്‍ത്തിത്വത്തില്‍ മാത്രം പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മതിയെന്നും നല്‍കുകയാണ് കെ. സുധാകരന്‍. എത്രപേര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ എവിടെപ്പോകും എന്നത് പ്രശനം അല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അച്ചടക്കം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിര്‍ബന്ധമാണ്. തനിക്ക് തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. ആര്യാടന്‍ വിഷയത്തില്‍ അച്ചടക്ക സമിതി വീണ്ടും സിറ്റിംഗ് നടത്തും. സിപിഐഎം ഷൗക്കത്തിനെ സ്വാഗതം ചെയ്യുന്നത് നടപടിക്കു തടസം ആകില്ല. ലീഗിമായി പ്രശ്‌നങ്ങള്‍ ഇല്ല. കോണ്‍ഗ്രസിന് അകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ലീഗും യുഡിഎഫു തമ്മിലെ ബന്ധം ആഴത്തില്‍ വേരൂന്നിയതാണ്. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ലീഗ് നേതാക്കളെ കാണാറുണ്ട്. അതുപോലെ തന്നെയാണ് ഇന്ന് വൈകിട്ടും നേതാക്കളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

CPIM ക്ഷണം നിരസിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ വിശദീകരണം കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സിപിഐഎമ്മിലേക്ക് അങ്ങനെ പോകാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പതാകയാണ് തന്നെ പുതപ്പിക്കേണ്ടതെന്ന് പിതാവ് പറഞ്ഞിരുന്നു. അതേ ആഗ്രഹമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു.

Top