തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരു.മേയർ മാപ്പുപറഞ്ഞാലും മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പൊതുമാപ്പ് സ്ഥാനം ഒഴിയുന്നതിനേക്കാൾ വലുതാണെന്ന് കെ സുധാകരൻ അഭിപ്രയപ്പെട്ടു. മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് അഭിപ്രായമെന്നും മാപ്പ് പറഞ്ഞാൽ ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് ഉപദേശം നൽകാൻ പാർട്ടിനേതൃത്വത്തിന് സാധിക്കണമെന്നും സുധാകരൻ പ്രതികരിച്ചു.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെയും തീരുമാനം. അതിനിടെ മേയറുടെ പരാതിയിൽ അന്വേഷണ സംഘം ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. മേയറുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
നഗരസഭ കാര്യാലയത്തിനുള്ളിൽ അലയടിച്ചിരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നുമുതൽ നഗരസഭയക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കും. ജില്ലയിലുടനീളം ബിജെപി പ്രതിഷേധ പരിപാടികൾ വ്യാപിപ്പിക്കും. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കും.