‘അണികൾക്ക് കടുത്ത അമർഷമുണ്ട്’; സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ

തിരുവനന്തപുരം: സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സീനിയർ മോസ്റ്റ് നേതാക്കൾ പങ്കെടുത്തത് ശരിയായില്ല. ഇത്രയും നാൾ സൗഭാഗ്യം അനുഭവിച്ച നേതാക്കൾ ആണ് യോഗം ചേർന്നത്. ഗ്രൂപ്പ് യോഗത്തിൽ അണികൾക്ക് കടുത്ത അമർഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നതെന്നും സുധാകരൻ പറഞ്ഞു. സതീശനെതിരെ വിമർശനങ്ങൾ ശക്തമാവുന്ന സാഹചര്യത്തിൽ സതീശനെ തുണച്ചായിരുന്നു സുധാകരന്റെ പരാമർശം. ‘വിഡി’യോ താനോ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നില്ല. മുൻപ് വ്യക്തികൾ ആണ് പട്ടിക തയ്യാറാക്കിയത്. ഇത്തവണ വലിയ ചർച്ച നടന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്തെത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്. അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടക്കട്ടെ. ആരു ജയിച്ചാലും അംഗീകരിക്കണം. കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം. ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കപരിഹാരത്തിന് എഐസിസി ജനറല്‍സെക്രട്ടറി നാളെ കേരളത്തിലെത്തും. പരാതികളുമായി ഹൈക്കമാന്റിനെ തന്നെ സമീപിക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ തീരുമാനം. താരിഖ് അന്‍വറില്‍ നിന്ന് നീതിപൂര്‍വമായ പരിഹാരമുണ്ടാകില്ലെന്ന വിലയിരുത്തലാണ് ഗ്രൂപ്പ് നേതാക്കള്‍. പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തിനോട് മൃദുസമീപനമാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച കേരളത്തില്‍ തന്നെ മതിയെന്നാണ് എഐസിസി‍‍ നിലപാട്. അതേസമയം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് വിഡി സതീശനെതിരായ പടയൊരുക്കത്തില്‍ തന്നെയാണ് എ,ഐ ഗ്രൂപ്പുകള്‍.

Top