തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ സര്‍വ്വേ കല്ലുകള്‍ മാത്രമല്ല, ജനങ്ങള്‍ സിപിഐഎമ്മിനെയും പിഴുതെറിഞ്ഞിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
കെ-റെയിലിനെതിരായ സമരം കോണ്‍ഗ്രസ് പൂര്‍ണമായി ഏറ്റെടുക്കുകയാണ്. സിപിഐഎം ഗുണ്ടകളായി പൊലീസ് സമരഭൂമിയില്‍ വന്നു പോകരുത്. പിണറായി വിജയനും പൊലീസിനുമുള്ള താക്കീതാണിതെന്നും സുധാകരന്‍ പറഞ്ഞു.
”കല്ല് പിഴുതെറിഞ്ഞാല്‍ പദ്ധതിയില്ലാതാകുമോയെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നത് . ഇതുപോലൊരു ജന വിരുദ്ധ പദ്ധതിയുമായി വന്നാല്‍ കല്ല് മാത്രമല്ല, കൊണ്ടുവന്ന പ്രസ്ഥാനത്തെയും ഈ മണ്ണില്‍ നിന്ന് ജനം പിഴുതെറിഞ്ഞിരിക്കും കോടിയേരി. കെ റയിലില്‍ ജനങ്ങള്‍ സ്വമേധയാ നടത്തിയ പ്രതിരോധം സമാനതകളില്ലാത്തതാണ്. പിഞ്ചുമക്കളുടെ മുമ്പില്‍ അവരുടെ ഏറ്റവും വലിയ ആശ്രയങ്ങളായ അച്ഛനമ്മമാരെ മര്‍ദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഒരിക്കലും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാന്‍ പിണറായി വിജയന്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു.”
”സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചില്‍ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാന്‍ കമ്യൂണിസ്റ്റുകളായി അധ:പതിച്ചിട്ടില്ല കോണ്‍ഗ്രസുകാര്‍. സമരം കോണ്‍ഗ്രസ് പൂര്‍ണമായി ഏറ്റെടുക്കുകയാണ്. ഈ മണ്ണില്‍, ജനങ്ങളുടെ നെഞ്ചില്‍, അവരുടെ സ്വപ്‌നങ്ങള്‍ക്ക് മീതെ നിങ്ങള്‍ നാട്ടിയ ഒരു കല്ല് പോലും അവശേഷിക്കില്ല. ഈ നാടിന് വേണ്ടി ഞങ്ങള്‍ അത് പിഴുതെറിഞ്ഞിരിക്കും. അമ്മമാരുടെയും സഹോദരിമാരുടെയും മേല്‍ കൈവെക്കാനായി, സി പി എം ഗുണ്ടകളായി അധ:പതിച്ച പിണറായി വിജയന്റെ പോലീസ് സമരഭൂമിയില്‍ വന്നു പോകരുത്. ഈ വിഷയത്തില്‍ ജന വിരുദ്ധ നിലപാടുമായി മുമ്‌ബോട്ട് പോകുന്ന പിണറായി വിജയനും പോലീസിനുമുള്ള താക്കീതായി തന്നെ കണക്കാക്കിക്കോളൂ. ഈ നാടിന്റെ നെഞ്ചകം പിളര്‍ത്തി, ഒരു ജനതയുടെ കണ്ണുനീര്‍ വീഴ്ത്തി, സ്വസ്ഥതയും സമാധാനവും തച്ചുടച്ച്, കോടികള്‍ കമ്മീഷന്‍ കൊയ്യാനുള്ള പിണറായി വിജയന്റെ അഴിമതി റെയില്‍ കേരള മണ്ണില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിക്കില്ല.” കെ സുധാകരന്‍ പറഞ്ഞു