കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍

g sudhakaran

ആലപ്പുഴ : കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മടകെട്ടാത്ത പാടശേഖരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായതായും ജി.സുധാകരന്‍ വ്യക്തമാക്കി.

ഇതിനിടെ ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷത്തിനെതിരെ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. പ്രകടനപരതയിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് മാത്യു.ടി.തോമസും പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് തോമസ് ഐസകും പറഞ്ഞു.

പ്രതിപക്ഷ നേതാവും എംപിമാരും യോഗം ബഹിഷ്‌കരിച്ചു. മാധ്യമങ്ങളെ യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ദൃശ്യങ്ങള്‍ എടുത്ത ശേഷം മാധ്യമങ്ങളെ പുറത്താക്കിയിരുന്നു. അതേസമയം, യോഗം പ്രഹസനമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി

കുട്ടനാട് സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലായിരുന്നു.

ആലപ്പുഴയിലെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നതാണ്.

Top