തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്നും സുധാകരന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരത്ത് രാത്രിയിലുടനീളം മഴയായിരുന്നു. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ മഴയില്‍ തലസ്ഥാന നഗരിയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളില്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകള്‍ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതല്‍ വീടുകളില്‍ വെള്ളം കയറിയെന്ന് നാട്ടുകാര്‍ പറയുന്നു.