ദില്ലി: എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാര്യങ്ങൾ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നൽകിയത് അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.
കെ സുധാകരനും എംപിമാരും തമ്മിലുള്ള തർക്കം തീർക്കാൻ കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ രൂക്ഷമായ വാക്പോര് നടന്നെന്നാണ് വിവരം. നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ സുധാകരൻ വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് എം കെ രാഘവൻ വികാരാധീനനായി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.