തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എം. ലിജുവിനായി വീണ്ടും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഇടപെടല്‍.
തെരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കാണരുതെന്നും തോല്‍വിക്ക് പല കാരണങ്ങളുണ്ടെന്നും എഐസിസിക്ക് നല്‍കിയ കത്തില്‍ സുധാകരന്‍ പറഞ്ഞു. തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ ബലിയാടാക്കപ്പെടുന്നവരെ മാറ്റിനിര്‍ത്തരുതെന്നും സുധാകരന്റെ കത്തില്‍ അഭിപ്രായപ്പെട്ടു.
അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് വിടാനും കെപിസിസി തീരുമാനിച്ചിരുന്നു. ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. അന്തിമ പട്ടികയില്‍ ജെബി മേത്തര്‍, എം ലിജു, ജയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണുള്ളതെന്നാണ് സൂചന.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തിങ്കളാഴ്ചയാണ്. ഇക്കാര്യം കണക്കിലെടുത്ത് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത് എന്നാണ് ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.