തിരുവനന്തപുരം: നെല്‍ കര്‍ഷകരുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്രസര്‍ക്കാര്‍ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ കണക്ക് പ്രകാരമുള്ള തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യം. രാഷ്ട്രീയം ഉണ്ടെന്ന് തോന്നുന്നില്ല എന്നും കെ സുധാകരന്‍.
ഈ രാജ്യത്തെ ആര്‍ക്കും രാജ്യത്തെ സംവിധാനങ്ങളെ കുറിച്ചും ഭരണസംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും പ്രതികരിക്കാനും വിമര്‍ശിക്കാനും അവകാശമുണ്ട്. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അത് നിഷേധിക്കുന്നത് നിഷേധിക്കുന്നത് പിണറായി അല്ല പത്തു പിണറായി വന്നാലും കേരളത്തില്‍ നടപ്പാകില്ല എന്നും സുധാകരന്‍ പറഞ്ഞു.
രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിനു പണം കൊടുക്കുന്നത്, അതും ബാങ്ക് വായ്പയായിട്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജയസൂര്യ പറഞ്ഞതില്‍ എന്താണ് തെറ്റ്. ജയസൂര്യ പറഞ്ഞതുകൊണ്ട് തെറ്റാകുമോ ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം രാഷ്ട്രീയത്തിലല്ല അക്കാര്യങ്ങള്‍ പറഞ്ഞതും എന്നും കെ സുധാകരന്‍ പറഞ്ഞു.