തിരുവനന്തപുരം: ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പിലെങ്കിലും ഇടതുപക്ഷത്തെ അടിക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വടിയുമായി ചാടരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിൽ എത്തിയപ്പോൾ ഇടതുപക്ഷം അവഗണിച്ചുവെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു റിയാസ്. യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല സ്വയം ഏറ്റെടുത്ത് ഇടപെട്ടത് മന്ത്രി പി രാജീവാണെന്ന് റിയാസ് പറഞ്ഞു. രാജീവ് ആവശ്യപ്പെട്ടത് പ്രകാരം യശ്വന്ത് സിൻഹയെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഇടപ്പെട്ടുവെന്നും യശ്വന്ത്സിൻഹയെയും ടീമിനെയും സഹായിക്കുവാൻ തന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
യശ്വന്ത് സിൻഹ താമസിക്കുന്ന സ്ഥലത്ത് പോയി മന്ത്രി പി രാജീവ് അദ്ദേഹത്തെ കണ്ട ചിത്രം കൂടി പങ്കുവെച്ചായിരുന്നു റിയാസിന്റെ പ്രതികരണം. രാഷ്ട്രീയനിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണെന്നും, പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം പ്രധാനമന്ത്രി മോദിക്കെതിരെ ശബ്ദിക്കാൻ നിങ്ങളിൽ പലരും തയ്യാറാകാത്തത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന കെ സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കനാമെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ അടിക്കാൻ ഇതാ ‘കിട്ടിപ്പോയി വടി’ എന്ന് കരുതി ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നെന്നും റിയാസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
യശ്വന്ത് സിൻഹയെ സഹായിക്കാൻ ചുമതലപ്പെടുത്തിയ രഞ്ജിത്ത് എന്ന തന്റെ ഓഫീസിലെ ആളെ കുറിച്ചും മന്ത്രി കുറിച്ചിരുന്നു. ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപെടുത്തിയ വ്യക്തി. മോദി ഭരണത്തിന്റെ മർദ്ദനം ഡൽഹിയിൽ വെച്ച് ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് ഇദ്ദേഹമെന്നും റിയാസ് പറഞ്ഞു. യശ്വന്ത് സിൻഹയെ കാണാൻ പോകുന്നുണ്ടെങ്കിൽ രഞ്ജിത്തിനെ പരിചയപ്പെടണമെന്നും റിയാസ് സുധാകരനോട് ആവശ്യപ്പെട്ടു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നിയെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയതെന്നും റിയാസ് പറഞ്ഞു.