കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ. സുധാകരന്‍ എംപി.
ഡിവിഷന്‍ ബഞ്ചിന്റെ വിധി നീതിയുക്തമല്ലെന്നും ഷുഹൈബിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യത്തെക്കുറിച്ച് കോടതി പരാമര്‍ശിച്ചു പോലുമില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കേസില്‍ ഗൂഢാലോചനക്കാരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യണം. ഇപ്പോള്‍ അറസ്റ്റിലായ പലരും ഡമ്മി പ്രതികളാണ്. യാഥാര്‍ഥ പ്രതികള്‍ ഇപ്പോഴും പുറത്ത് തന്നെയാണ്. എഫ്ഐആറില്‍ പോലും ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇത് സംശയമുയര്‍ത്തുന്നതാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു, അദ്ദേഹം വ്യക്തമാക്കി.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
അതേസമയം, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ കുടുംബം രംഗത്തെത്തി. നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും സുപ്രീംകോടതിയില്‍ പോകുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നത്. എന്നാല്‍, പ്രാദേശിക തലത്തിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണിതെന്നും ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ലോക്കല്‍ പൊലീസില്‍ നിന്ന് മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറണമെങ്കില്‍ കൃത്യമായ കാരണം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ എന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവും സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
2018 ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോര വാര്‍ന്നായിരുന്നു മരണം.