തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വവും നിര്‍ദേശിച്ചിരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ലിജുവിനെ മാത്രം എടുത്ത് പൊക്കുന്നത് എന്തിനാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു.
”രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വവും നിര്‍ദേശിച്ചിരിക്കുന്നത്. നിങ്ങള്‍ എന്തിനാണ് ഈ ലിജുവിനെ മാത്രം എടുത്ത് പൊക്കുന്നത്. എനിക്ക് മനസിലാവുന്നില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹവും താല്‍പര്യവുമുള്ള വ്യക്തിയാണ് അദ്ദേഹം. ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ലിജു മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തില്‍ വേറെയും കുറെ നേതാക്കളുണ്ട്. സതീശന്‍ പാച്ചേനിയെ പോലെയുള്ള നേതാക്കളും നേതൃത്വത്തെ വന്ന് കണ്ട് പോയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് നാളെ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ല. ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് വന്നാല്‍ അതും പരിഗണിക്കേണ്ടി വരും. ഞാനുമായിട്ട് ആരും ആശയവിനിമയം നടത്തിയിട്ടില്ല. ശ്രീനിവാസനുമായി എനിക്ക് അങ്ങനെ വലിയ ബന്ധമൊന്നുമില്ല.”
ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.