തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
‘നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപ്രതിയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് പോലീസ് ഭാഷ്യം. ഇത് വിശ്വാസയോഗ്യമല്ല. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വരണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.’ കെ സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാകണം പോസ്റ്റുമോര്‍ട്ടം നടത്താനെന്നും ആടിനെ പട്ടിയാക്കുന്ന കേരളപൊലീസ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസായതിനാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ കേസിലും മരണപ്പെട്ട വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അപ്പോള്‍ അസ്വസ്ഥതകള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നതിന് പകരം എന്തുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയില്ല? കെപിസിസി പ്രസിഡന്റ് ചോദിച്ചു.
രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടയുടനെ ഇയാളെ എന്തുകൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയില്ലെന്നും കസ്റ്റഡി മരണ ആരോപണത്തില്‍ നിന്നും പഴുതുകള്‍ ഉണ്ടാക്കി പൊലീസിന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന ആക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച വ്യക്തിയുടെ ബന്ധുകള്‍ ഇതിനോടകം ലോക്കപ്പ് മര്‍ദ്ദനം ആരോപിക്കുന്നതായും സത്യം കണ്ടെത്താന്‍ സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് മുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.