തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പുറത്തിറക്കിയ പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീസമൂഹത്തെ ആകെ അവഹേളിക്കുന്നതുമാണെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ.
ചൊവ്വയിലേക്ക് പോലും സ്ത്രീകള്‍ എത്തിച്ചേരാന്‍ തയ്യാറെടുക്കുന്ന കാലമാണിത്. ഈ സമയത്താണ് സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്ന് ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരസ്യ ചിത്രത്തില്‍ പറയുന്നത്. ഈ സ്ത്രീവിരുദ്ധ പരസ്യം കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
ആത്മാര്‍ത്ഥമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് ഇത്ര മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ കേരളത്തിന്റെ ഉന്നതമായ സാമൂഹ്യ, ജനാധിപത്യ ബോധം ഉള്‍ക്കൊള്ളുന്നില്ല. എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് എടുക്കണം. കുടുംബത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനോടൊപ്പം സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടി ചുമലിലേറ്റുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ പ്രചാരണ പരസ്യത്തിനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത് വന്നിരുന്നു.
പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണെന്നും എം വി ജയരാജന്‍ പറഞ്ഞു. പുരുഷന്‍ മാത്രമാണ് നല്ലതെന്നുള്ള വേര്‍തിരിവുണ്ടാക്കുന്നതാണ് പരസ്യം. പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും, ജയരാജന്‍ വ്യക്തമാക്കി.