കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ നിരാഹാരസമരം ചൊവ്വാഴ്ച അവസാനിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ നാളെ സമരപന്തിലിലെത്തും.
കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. നിരാഹാരം കിടക്കുന്നത് നീതി കിട്ടുമെന്നോ സി.ബി.ഐ അനേഷണം പ്രഖ്യാപിക്കുമെന്നോ കരുതിയല്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്. സി.പി.എം ജില്ലാ നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ മടിക്കുന്നത്. മടിയിലുള്ളവനല്ലേ കുനിയാന്‍ മടിക്കൂയെന്ന് പിണറായി പറയാറുണ്ട്. ഈ ചൊല്ല് ഇപ്പോള്‍ പിണറായിക്കാണ് ബാധകമാവുകയെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഗൂഢാലോചനക്ക് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പി.ജയരാജന്റെ വീട്ടില്‍ വളര്‍ന്ന ആകാശ് ഇങ്ങനൊരു കൃത്യം ചെയ്യുമ്പോള്‍ അത് ജയരാജന്‍ അറിയാതെന്ന് പറയുന്നത് വിശ്വസനീയമല്ല. പൊലീസ് അന്വേഷണത്തിലും സ്വാധീനമുണ്ടായിട്ടുണ്ട് എന്നുവേണം കരുതാന്‍. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ് കോടതിയില്‍ പോയാല്‍ അത് എങ്ങനെയാകുമെന്ന് സാധാരണകാര്‍ക്കുവരെ അറിയാം. പ്രതികള്‍ സഞ്ചരിച്ച വാഹനം പിടികൂടിയതും ജയരാജന്റെ വീടിന് സമീപത്തുനിന്നാണ്. ഇതെല്ലാം കേസിലെ ഗൗരവം വര്‍ധിപ്പിക്കുന്നു. ശുഹൈബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ് ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.