തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരന്റെ അഭിപ്രായം മറ്റു നേതാക്കൾക്ക് ഉണ്ട്. പക്ഷേ അവർ അരക്ഷിതർ ആണ്. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്‍ നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നത്. ലീഗ് ആണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കെഎസ്‍യു നേതാവായിരിക്കെ സിപിഐഎം ആക്രമണങ്ങളിൽ നിന്ന് ആർഎസ്‍എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്ന സുധാകരൻറെ പരാമർശം യുഡിഎഫിനുള്ളിൽ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം.