തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചതിന് പിടിയിലായ സി.പി.എം. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാരിന്റെ വാക്കുകളില്‍ മയങ്ങി പൊലീസ് കേസ് ദുര്‍ബലപ്പെടുത്തിയാല്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മാത്രമല്ല കേസുകള്‍ ഇത്തരത്തില്‍ അട്ടിമറിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം വ്യാപിക്കുന്നതെന്നും സി.പി.എം. സി.പി.ഐ. നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദ കേസുകള്‍ അട്ടിമറിക്കുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നും കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;
തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഏതാനും ചില സി.പി.ഐ, സി.പി.എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകള്‍ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നത്. കേസ്സ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സി.പി.എം നേതൃത്വം തയ്യാറാവേണ്ടത്.കേസ്സന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം
അതേസമയം അറസ്റ്റിലായ യുവാക്കള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി ആളുകളും രംഗത്ത് വന്നിട്ടുണ്ട്. മാത്രമല്ല മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വീട്ടില്‍ നിന്ന് കിട്ടിയെന്ന വാദം തെറ്റാണെന്ന് അലന്‍ ഷുഹൈബിന്റെ അമ്മ സബിത മഠത്തില്‍ പറഞ്ഞിരുന്നു. പൊലീസ് പ്രവര്‍ത്തിക്കുന്നത് ഇടത് സര്‍ക്കാരിന്റെ നയത്തിന് എതിരാണെന്നും സബിത ചൂണ്ടികാട്ടി. വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കില്‍ ആദ്യം തന്നെ അറസ്റ്റ് ചെയ്യണമെന്നും സബിത പ്രമുഖ മാധ്യത്തോട് പറഞ്ഞു. യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും കേസ് കെട്ടിച്ചമച്ചതാണെന്ന അരോപണം കൂടുതല്‍ മുറുക്കുകയാണ് യുവാക്കളുടെ ബന്ധുക്കള്‍.