കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്

K Surendran

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണെന്നും എന്നാല്‍ വാറന്റ് 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചുവെന്നും പൊലീസ് പറയുന്നു.

ജാമ്യാപേക്ഷയില്‍ ഇന്ന് അധിക വാദം കേള്‍ക്കണം എന്ന് പൊലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും.

സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്നലെ വിധി പറയാന്‍ മാറ്റിയിരുന്നു. പത്തനംതിട്ട കോടതിയാണ് കേസ് പരിഗണിച്ചത്. കെ.സുരേന്ദ്രന് വേണ്ടി ഹാജരായത് അഡ്വ. രാംകുമാറാണ്.

അതേസമയം, ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് എടുത്തിട്ടുണ്ട്. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍, കെ സുരേന്ദ്രന് ഇന്ന് ഒരു കേസില്‍ ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലായിരുന്നു കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്. നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Top