കുറ്റവാളികളുടെ ധാഷ്ട്യം ഇടതു മുന്നണിയുടെ പിന്തുണയെന്ന്‌ കെ.സുരേന്ദ്രന്‍

ആലപ്പുഴ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാരായ പി.ടി.എ.റഹിം, കാരാട്ട് റസാഖ് എന്നിവരെ ചോദ്യം ചെയ്യണമെന്നും, ഇക്കാര്യം ഉന്നയിച്ച് നവംബര്‍ 15ന് കോഴിക്കോട്ട് ബഹുജന സമരം നടത്തുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.

ബിജെപി സംസ്ഥാന സമിതിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊഫേപോസ നിയമ പ്രകാരം പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ റസാഖും റഹിമും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നും, പൊലീസ് തിരയുന്ന പ്രതികളെ സന്ദര്‍ശിച്ചതും അവരെ ഇനിയും കാണുമെന്നു പറയുന്നതും ധിക്കാരമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഭൂപരിധി നിയമം മറികടന്ന് നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന പി.വി.അന്‍വറിനെതിരെ കേസെടുക്കണമെന്നും, മാഫിയകളേയും കള്ളക്കടത്തുകാരേയും സംരക്ഷിക്കുന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടാണ് ഇവരുടെ ധാര്‍ഷ്ട്യത്തിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്‌പോണ്‍സേര്‍ഡ് ജാഥയായി മാറി, നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി ഒരുക്കിയ രക്ഷാകവചത്തിലാണ് അദ്ദേഹം. തോമസ് ചാണ്ടിക്ക് അഴിമതി നടത്താന്‍ ഇരുമുന്നണികളും ഒത്താശ ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടി രാജി വയ്ക്കുംവരെ ബിജെപി പ്രക്ഷോഭം തുടരും. ആലപ്പുഴയില്‍ നടത്തിവരുന്ന സമരം തിരുവനന്തപുരത്തേക്കു വ്യാപിപ്പിക്കും. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബര്‍ 13ന് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും’ കെ സുരേന്ദ്രന്‍ പറഞ്ഞു.

കൂടാതെ, സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടമാണെന്നും, റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ദ്രുതഗതിയില്‍ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മൗനം പാലിക്കുന്നതു ദുരൂഹമാണെന്നും, യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ആരാണ് മുഖ്യമന്ത്രിയെ വിലക്കുന്നതെന്നു പറയണമെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

Top