തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം;ഇടതും വലതും വിയർക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടത്, വലത് മുന്നണികൾ ഒരു പോലെ വിയർക്കുകയാണെന്ന് കെ സുരേന്ദ്രൻ. ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ല. ഭൂമിയിൽ ഇറങ്ങാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് സുരേന്ദ്രൻ ആക്ഷേപിക്കുന്നു. ഇടത് സ്ഥാനാർത്ഥികളും മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ അവകാശവാദം.

സ്വർണക്കടത്ത് അടക്കമുള്ള അഴിമതികൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖം വികൃതമാക്കി. പിണറായി കള്ളക്കടത്തിന് കൂട്ട് നിന്നെന്നും അതിന് പ്രതിഫലവും ലഭിച്ചെന്ന് സുരേന്ദ്രൻ ആരോപിച്ചു. അഴിമതി കേസുകൾ പേടിച്ച് യുഡിഎഫും കളം വിട്ടെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കോവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. ഏക പ്രതീക്ഷ എൻഡിഎയിൽ ആണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

 

റേഷൻ കിറ്റിൽ ഒരു ക്രെഡിറ്റും സംസ്ഥാനത്തിനില്ല. കേന്ദ്രം നേരിട്ട് നൽകുന്ന സൗജന്യ റേഷനാണിതെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപിയുടെ ദേശീയ നേതാക്കൾ ആവശ്യമായ ഘട്ടത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു നുണയൻ വേറെയില്ലെന്നും, ജമാ അത്തെ ഇസ്ലാമിയുമായുള്ള സംഘം ചേരലിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Top