ജ്വല്ലറി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി കമറുദ്ദീനെ രക്ഷിക്കുന്നു; കെ സുരേന്ദ്രന്‍

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ സര്‍ക്കാരും പൊലീസും രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമറുദ്ദീനെ രക്ഷിക്കുക എന്ന നിലപാടാണ് സി പി എമ്മിനും സര്‍ക്കാരിനും ള്ളത്. സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ വ്യക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണിത്. 50 വഞ്ചന കേസുകളില്‍ വ്യക്തമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടും എംഎല്‍എ സൈ്വര്യവിഹാരം നടത്തുകയാണ്. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. പൊതുവേദികളില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പങ്കെടുക്കുന്നുമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്നുറപ്പ് പൊലീസ് നല്‍കിയിട്ടുള്ളതു കൊണ്ടാണിത്. അല്ലെങ്കില്‍ ഒരു തട്ടിപ്പ് കേസ് പ്രതിക്ക് എങ്ങനെ സൈ്വര്യ വിഹാരം നടത്താനാകും.

സിപിഎം-ലീഗ് ധാരണയിലാണ് കാസര്‍കോഡ് 3 പഞ്ചായത്തുകള്‍ ഭരിക്കുന്നത്. നിയസഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷട്രീയ ധാരണയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കമാണിത്. സിപിഎം എന്തിന് കമറുദ്ദീനെ സംരക്ഷിക്കുന്നു. 150 കോടി കോടതി ബാഹ്യമായി എങ്ങനെ ലീഗ് നേതാക്കള്‍ തിരിച്ചു കൊടുക്കും? അത് വൈറ്റ് മണിയോ ബ്ലാക്ക് മണിയോ? എവിടുന്ന് പണം സമാഹരിക്കും? എങ്ങനെ തിരിച്ചു കൊടുക്കും. ഇടപാടുകളെല്ലാം ദുരൂഹമാണ് . ഒരു മാസമായിട്ടും കേസില്‍ അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ട് പോയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കടത്ത് കേസിലാണെങ്കില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ കടത്ത് നടന്നിരിക്കാമെന്ന് മന്ത്രി പറയുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണ കടത്തെന്ന ആരോപണം ഖുറാനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പറയുന്നു. ഖുറാനെ അപമാനിച്ചത് ജലീലും സംഘവുമാണ്. മുഖ്യമന്ത്രി പുതിയ ബിന്‍ലാദന്‍ ആകാന്‍ ശ്രമിക്കുകയാണ്. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. കോടിയേരി ബാലകൃഷ്ണന്‍ അല്‍ കോടിയേരി ആയിരിക്കുന്നു. ഇത്തവണ ചക്ക വീണാല്‍ മുയല്‍ ചാവില്ല. തുടര്‍ച്ചയായ വര്‍ഗീയ പ്രചാരണങ്ങള്‍ സിപിഎമ്മിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Top