കോഴിക്കോട് : സ്വർണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തയാറാവുമോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.ശ്രീരാമകൃഷ്ണൻ മന്ത്രിയോ എംപിയോ അല്ല, യുവാവായ നിയമസഭാ സ്പീക്കറാണ്. എന്നാൽ ആ ജാഗ്രതയോ മര്യാദയോ സ്പീക്കർ കാണിച്ചില്ല. ഒരു നിയമസഭാ സ്പീക്കർക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കേണ്ട ആവശ്യമൊന്നും ബിജെപിക്കില്ല. നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തി അഴിമതി നടത്തിയപ്പോഴാണ് പ്രതികരിച്ചത് എന്ന് സുരേന്ദ്രൻ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റി സിപിഎം നേതാക്കളുടെ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയാണ്. ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളിൽ പോലും കരാർ കൊടുത്തിട്ടുണ്ട്.
ഒരു കരാർ മാനദണ്ഡവുമില്ലാതെ അധികതുക മുൻകൂറായി സൊസൈറ്റിക്കു നൽകി ബാക്കി തുക സിപിഎം നേതാക്കൾ എടുക്കുകയാണ്. ഇതേ മാതൃകയാണ് നിയമസഭയ്ക്കകത്ത് വഴിവിട്ട ഇടപാട് നടത്താൻ സ്പീക്കർ തിരഞ്ഞെടുത്തത്. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നൊക്കെ എന്തിനാണ് സ്പീക്കർ പറയുന്നത്, അത്രയുറപ്പുണ്ടെങ്കിൽ ഇങ്ങനെ ആലോചിച്ചിരിക്കാതെ നേരെ നിയമനടപടി എടുത്താൽപ്പോരേയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു