അറസ്റ്റിലായ കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ നടന്ന ആക്രമണങ്ങളുടെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. കേസില്‍ ജാമ്യം ലഭിച്ചാലും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രന്‍ ജയില്‍ മോചിതനാവില്ല.

അതേസമയം കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു.

മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പൊലീസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ ഒഴിവാക്കണമെന്നും നിരപരാധികളായ ഭക്തരെയും ജയിലില്‍ അടച്ചിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top