തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകം സര്‍ക്കാരിനെ വെള്ളപൂശാനും സ്വന്തം നിരപരാധിത്തം കാണിക്കാനും കെട്ടിച്ചമച്ച കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതാണ് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ തെളിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇതോടെ കേസ് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുകയാണ്. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ടുവെന്നും ഇക്കാര്യം ബിജെപി അന്നുതന്നെ വെളിപ്പെടുത്തിയിരുന്നുവെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.
ബാഗേജില്‍ സ്വര്‍ണം ആയിരുന്നെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയെ രക്ഷപെടാന്‍ സഹായിച്ചത് ശിവശങ്കറെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദമെന്ന സ്വപ്‌നയുടെ ശബ്ദരേഖ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും സിപിഐഎമ്മും മുഖ്യമന്ത്രിയും ജനങ്ങളോട് മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ശിവശങ്കര്‍ സര്‍വ്വീസ് ചട്ടങ്ങളെ വെല്ലുവിളിച്ചിരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ശിവശങ്കറിനെ ഉടന്‍ തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം. താന്‍ മറ്റാര്‍ക്കോ വേണ്ടി ബലിയാടായി എന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ കുറ്റവിമുക്തന്‍ ആയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.