തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതിയ്‌ക്കെതിരെ നടപടിയെടുക്കാതിരുന്ന ബൃന്ദാ കാരാട്ടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരള സംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമാണ് താങ്കള്‍ ഈ പരാതി മൂടിവെച്ചതെന്നും ഈ കാപട്യം കാണിക്കാന്‍ പാടില്ലായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോൾ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കൾ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? എന്തുകൊണ്ട് ആ പരാതിയിൽ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാർട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കൾക്കുണ്ടായില്ലല്ലോ. പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിച്ചില്ലായിരുന്നെങ്കിൽ ഈ വാർത്ത പോലും പുറംലോകം അറിയുമായിരുന്നോ? സ്വന്തം ഭർത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ് താങ്കൾ ഈ പരാതി മൂടിവെച്ചത്. രാജ്യം മുഴുവൻ നടന്ന് മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന താങ്കൾ ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നു.