തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി സമ്മതിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ശ്രീജിത്തിന്റെ കേസിലൂടെ ഉയര്‍ന്നുവരുന്നുണ്ടെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
(സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ …)
ശ്രീജിത്ത് നടത്തുന്ന സമരത്തോടൊപ്പമാണ് തന്റെ മനസ്സെന്ന് ഇന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. സി. ബി. ഐ അന്വേഷണം എന്ന ശ്രീജിത്തിന്റെ ആവശ്യം യാഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇവിടെ ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഒന്നാമത്തെ കാര്യം ഇതൊരു കസ്റ്റഡി മരണക്കേസ്സാണ്. കേസ്സിലെ പ്രതികളെല്ലാം സംസ്ഥാനപൊലീസിലെ ഉദ്യോഗസ്ഥരാണ്. പലരും പൊലീസ് അസോസിയേഷന്റെ ഭാരവാഹികളുമാണ്. പൊലീസ് കംപ്ളയിന്റ് അഥോറിറ്റി ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ കോടതിയെ സമീപിച്ച് സ്ടേ വാങ്ങിയതാണ്. ആ സ്ടേ വെക്കേററ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലേ? ഈ കേസ്സ് അന്വേഷിച്ചു തെളിയിക്കാന്‍ സത്യത്തില്‍ കേരളാ പൊലീസിനു കഴിയില്ലേ? അത്രക്കും ദുര്‍ബലമാണോ കേരളാ പൊലീസ് സംവിധാനം? അതോ പൊലീസ് മന്ത്രിക്കു തന്നെ കേരളാപൊലീസില്‍ വിശ്വാസമില്ലെന്നാണോ ഇതു തെളിയിക്കുന്നത്? സി. ബി. ഐ വന്നാലേ ഏതു കേസ്സും തെളിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പോലും സമ്മതിക്കുകയാണോ?
ശ്രീജിത്തിന്റെ ആവശ്യം നൂറു ശതമാനം ന്യായമാണ്. കാരണം കേരളാ പൊലീസിനെ ആര്‍ക്കും വിശ്വാസമില്ലാതായിരിക്കുന്നു. അതുകൊണ്ട് അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി തന്നെ പൊലീസ് സേനയില്‍ അവിശ്വാസം പരോക്ഷമായി രേഖപ്പെടുത്തുന്നത് ആശാസ്യമാണോ? രാഷ്ട്രീയകൊലപാതങ്ങളില്‍ നീതിലഭിക്കാത്ത ഇരകള്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമ്ബോള്‍ പിന്നെ എന്തിനാണ് പിണറായി വിജയന്‍ എതിര്‍ക്കുന്നത്? ഒരുപാട് ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഈ കേസ്സിലൂടെ ഉയര്‍ന്നുവരുന്നുണ്ട്. ഒരു. ബി. ജെ. പി പ്രവര്‍ത്തകന്‍ ചോദിക്കുന്നതായതുകൊണ്ട് ഈ വിഷയം ചര്‍ച്ചചെയ്യപ്പെടാതെ പോകരുതെന്ന് മാദ്ധ്യമങ്ങളോടും രാഷ്ട്രീയപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.