വ്യാജ ഐഡി കാര്‍ഡ് കേസ്; പൊലീസിന് തെളിവ് കൈമാറിയതായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ പൊലീസിന് തെളിവ് കൈമാറിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിലും കര്‍ണാടക മന്ത്രി എന്‍.എ ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് ഹാരിസും ചേര്‍ന്നാണ് ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. മറ്റ് തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

അന്വേഷണം കൃത്യമായി നടക്കണം. കേരള പൊലീസിന് കഴിയുന്നില്ലെങ്കില്‍ മറ്റ് ഏജന്‍സികളെ ഉപയോഗിക്കണം. രാഹുല്‍ ഗാന്ധിക്കും കെ.സി വേണുഗോപാലിനും എല്ലാം അറിയാം. എം.എം ഹസനും എം.വിന്‍സന്റ് എംഎല്‍എക്കും അട്ടിമറി അറിമായിരുന്നു. വി.ഡി സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ വരെ ഇതില്‍ പങ്കാളികളാണ്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top