കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.
കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് നടപടി. മെയ് 24 നാണ് ഇനി കേസ് പരിഗണിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ടിനെ തുടര്‍ന്നാണെന്നായിരുന്നു സുരേന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് പോലും എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്.