കോഴിക്കോട്: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് തിരുത്തിയതു പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ തിരിച്ചു നല്‍കിയ കള്ളനെ പോലെയാണ് സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്‌നാടിനു കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ല. സര്‍ക്കാര്‍ നാടകം കളിച്ചു ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ ഉത്തരവ്, സര്‍ക്കാര്‍ അറിയാതെ ഇറക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കു സാധിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ചു വാനപ്രസ്ഥത്തിനു പോവുന്നതാണു നല്ലതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥന്‍മാരാണ് ഉത്തരവിനു പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണു സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയത്. നാടിനോടു ചെയ്ത ഏറ്റവും വലിയ ചതിയാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പിണറായി വിജയന് കത്തയച്ചത് രണ്ടുപേരും അറിഞ്ഞുള്ള നാടകമാണ് ഇതെന്നതിന്റെ തെളിവാണ്.
വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്നു വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കാവില്ല. മുഖ്യമന്ത്രിയും വനംമന്ത്രിയും ഉരുണ്ടു കളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.