തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അനന്തമായി ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും കേസുകള്‍ നിയമപരമായി നേരിടുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം ശബരിമല ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞ കേസില്‍ കെ.സുരേന്ദ്രന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. റാന്നി പൊലീസ് കൊട്ടാരക്കര സബ് ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രക്ഷോഭത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് വിവരം.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അക്രമ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണുള്ളത്.