പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കിലേയ്ക്ക്. ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമല വിഷയത്തിനു പുറമെ കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കോടതി അറസ്റ്റ് വാറന്റയച്ചു. സുരേന്ദ്രനെ ഹാജരാക്കുവാനുള്ള വാറന്റ് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിനു കൈമാറി കഴിഞ്ഞു. ഇതാണ് സുരേന്ദ്രന് കുരുക്കായി മാറിയിരിക്കുന്നത്.
2017ല്‍ കണ്ണൂരില്‍ നടത്തിയ ബിജെപി മാര്‍ച്ചിനിടെ ഡിവൈഎസ്പിയേയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വാറണ്ട് അയച്ചിരിക്കുന്നത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
വാറണ്ട് കണ്ണൂര്‍ പൊലീസ് കൊട്ടാരക്കര സബ്ജയിലില്‍ എത്തിച്ചു. ശബരിമല കേസിന് പുറമേ ഈ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമായിരിക്കും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞ ശനിയാഴ്ചയാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം കോടതില്‍ ഹാജരാക്കിയ സുരേന്ദ്രനെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എം.എസ്. സന്തോഷ് എന്നിവരാണു സുരേന്ദ്രനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ലിജിന്‍ ലാല്‍, വി.സി. അജി എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു എന്നാല്‍ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കി.