തിരുവനന്തപുരം: സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടെ നടന്ന സര്‍വകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും, ഉന്നത വിദ്യാഭാസ മന്ത്രിയെ പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നിയമനങ്ങള്‍ ഉടന്‍ റദ്ദാക്കണം. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പരസ്യമായി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ താത്പര്യമില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കാന്‍ തയാറെന്നും ഗവര്‍ണര്‍ അറിയിച്ചു.
തന്നെ മുന്നില്‍ നിര്‍ത്തി നിയമനങ്ങള്‍ വേണ്ട. മുഖ്യമന്ത്രിയെ ചാന്‍സലര്‍ ആക്കിയാല്‍ പ്രശ്‌നങ്ങള്‍ തീരും. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.