സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്പര്‍ വണ്‍ കേരളം എന്ന പ്രൊപഗന്‍ഡ സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ മരണങ്ങള്‍ കുറച്ചുകാട്ടുന്നത്. ഐസിഎംആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാന്‍ കാരണം. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

 

Top