സിഎം രവീന്ദ്രന്റെ ആശുപത്രിവാസം നാടകമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം നാടകമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണു സി.എം. രവീന്ദ്രന്റെ ആശുപത്രി നാടകം. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോഴെല്ലാം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭയം തേടുകയാണ്. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പണ്ട് ജയരാജന്റെ കേസ് സിബിഐ അന്വേഷിക്കുന്ന കാലത്ത് ഒരു ഡോക്ടര്‍ ജയരാജന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആ ഡോക്ടറെ പിന്നീട് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി ആദരിച്ചു. അഴിമതി കേസില്‍ ആരോപണ വിധേയനായ ഒരാളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ അഭയം പ്രാപിക്കാനുള്ള സ്ഥലമാണോ മെഡിക്കല്‍ കോളേജുകളെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവരാതിരിക്കാനാണു ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ചു സ്വാധീനിക്കാന്‍ ശ്രമിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ ജയില്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top