മാസപ്പടി വിവാദത്തിൽ പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വീണയുടെ എക്സാലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രസർക്കാരിന്റെ നിയമം സിഎംആർഎല്ലിനു വേണ്ടി അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് മുഖ്യമന്ത്രി. മാസപ്പടിയിൽ അതുകൊണ്ടാണോ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം.

96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണു കമ്പനി ആദായനികുതി വകുപ്പിനോടു പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണു മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിന്റെ രേഖയിലുള്ളതാണ്. കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകൾക്കുമുള്ള ബന്ധം കേരളത്തെ ബാധിക്കുന്നതാണ്. മകൾക്ക് ബിസിനസ് ബന്ധമാണ് കരിമണൽ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തു ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണു കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. പിണറായി വിജയന്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റിൽ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു.

രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തിൽനിന്നു ഒളിച്ചോടാൻ മുഖ്യമന്ത്രിക്കു സാധിക്കില്ല. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയിൽനിന്നു പിണറായി വിജയൻ കൈപ്പറ്റിയെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകനായ ജി.ശക്തിധരനാണ്. കരിമണൽ കമ്പനിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരന്റെ ആരോപണവും ആദായനികുതി വകുപ്പിന്റെ രേഖകളുമെല്ലാം മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതാണ് നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രസംഗം. എന്നാൽ പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയതു കൊണ്ടാണ് യുഡിഎഫ് സഭയിൽ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Top