തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍ഡിഎഫും യുഡിഎഫും വികസന ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വിഡി സതീശന്‍ ചെയ്യുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസനപദ്ധതികളാണ് എന്‍ഡിഎ ഉയര്‍ത്തുന്നത്. എന്നാല്‍ ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഐഎമ്മും കോണ്‍ഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നത്. മോദിയുടെ ഗ്യാരണ്ടി എന്നത് ഭാവിയില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ കൂടിയാണ്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറി. ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണ്. കാസര്‍കോട്-തിരുവനന്തപുരം 6 വരി പാത, കൊച്ചി മെട്രോയും കൊച്ചി കപ്പല്‍ശാലയും വികസിപ്പിക്കല്‍, മാഹി- തലശ്ശേരി, കൊല്ലം- ആലപ്പുഴ ബൈപ്പാസുകള്‍, തിരുവനന്തപുരം, കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, അമൃത് പദ്ധതി, കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളുടെ ആധുനികവത്ക്കരണം തുടങ്ങി അടിസ്ഥാന വികസനരംഗത്ത് വലിയ മാറ്റമാണ് സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്.
ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ മോദി കേരളീയര്‍ക്ക് എത്തിച്ചു. 1.5 കോടി പൗരന്മാര്‍ക്ക് സൗജന്യ അരി, 50 ലക്ഷം യുവജനങ്ങള്‍ക്കും വനിതകള്‍ക്കും മുദ്ര വായ്പ, 35 ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ പദ്ധതി, 4 ലക്ഷം ഉജ്ജ്വല സൗജന്യ എല്‍പിജി കണക്ഷനുകള്‍, 20 ലക്ഷം കുടുംബങ്ങള്‍ക്ക് ജല്‍ ജീവന്‍ (ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍), 53 ലക്ഷം വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകള്‍ ലഭ്യമാക്കി.
വികസനവും ജനക്ഷേമവും സ്ത്രീസമത്വവും മോദിക്ക് വെറും വാക്കുകളിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണം ചര്‍ച്ചയാകാന്‍ ആഗ്രഹിക്കാത്ത പ്രതിപക്ഷം വര്‍ഗീയത ആളിക്കത്തിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.