തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രന്‍. കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. മാത്രമല്ല, തിങ്കളാഴ്ച്ചത്തെ ഹര്‍ത്താല്‍ അനാവശ്യമാണെന്നും അത് ജനങ്ങളെ വളരെയധികം ബാധിക്കുമെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനത്തെ ബാധിക്കുന്ന വിഷയത്തിനല്ല ഹര്‍ത്താല്‍. കേരളത്തിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഇതുവരെ യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് ആയിരത്തിലധികം കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും, സര്‍ക്കാര്‍ ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ രേഖ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയ്യാറാക്കുമെന്നും, തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. അതാത് ജില്ലകളില്‍ കളക്ടര്‍മാര്‍ യോഗം വിളിക്കും. സ്‌കൂള്‍ തല യോഗവും പി.ടി.എ യോഗവും ചേരും. 47 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് എത്തും.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ശരീര ഊഷ്മാവ് കൃത്യമായി പരിശോധിക്കും. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് സമീപത്തെ ബേക്കറികളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകളില്‍ കുട്ടികള്‍ എത്തുന്നതില്‍ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തേണ്ടതില്ല. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും. സ്‌കൂളില്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.