രാജ്യത്തിന്റെ അഭിമാനമായ മലയാളി താരങ്ങളെ ഏഷ്യന്‍ ഗെയിംസില്‍ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നു; കെ സുരേന്ദ്രന്‍

ഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായ മലയാളി താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും. കായിക താരങ്ങള്‍ക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നത് ഗതികേട് കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. കായിക താരങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം സംസ്ഥാനം മാതൃകയാക്കണം. ഏഷ്യന്‍ഗെയിംസില്‍ ഭാരതത്തിന് ചരിത്ര നേട്ടം കൈവരിക്കാന്‍ സാധിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍ കായിക മേഖലയ്ക്ക് മികച്ച പരിഗണനയും സൗകര്യവും ഒരുക്കിയത് കൊണ്ടാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ കായിക താരങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവം നമ്മുടെ മുമ്പിലുണ്ട്. സംസ്ഥാന സര്‍ക്കാരാവട്ടെ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങള്‍ പോലും നല്‍കാതെ കായിക താരങ്ങളെ പറ്റിക്കുകയാണ്. രാജ്യാന്തര ബാഡ്മിന്റന്‍ താരം എച്ച്.എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവര്‍ കേരളം വിടുമെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാരിന്റെ സമീപനം കാരണമാണ്.

മറ്റ് സംസ്ഥാനങ്ങള്‍ കായിക താരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമ്പോഴാണ് കേരളത്തിന്റെ അവഗണ എന്നതാണ് ശ്രദ്ധേയം. കേരളത്തിന്റെ കായികമേഖലയെ നശിപ്പിക്കുന്ന നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മാറി നില്‍ക്കണം. പാര്‍ട്ടിക്കാര്‍ക്കും അനര്‍ഹര്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കുന്ന പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷമായി അര്‍ഹരായ കായിക പ്രതിഭകളെ ജോലി നല്‍കാതെ പറ്റിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top