ഗുരുവായൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി. ഗുരുവായൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിലീപ് നായരെ ബിജെപി പിന്തുണക്കും. പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഗുരുവായൂരില്‍ ബിജെപിയുടെ പിന്തുണയോടെ മത്സരിക്കാന്‍ ധാരണയായതായി ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ അറിയിച്ചു. കഴിഞ്ഞ തവണ എന്‍ഡിഎ നേടിയതിനേക്കാള്‍ വോട്ട് മണ്ഡലത്തില്‍ നേടുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎയിലെ സഖ്യകക്ഷിയാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് നായര്‍ പറഞ്ഞു.

 

Top