തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദമാകുന്നു. സേവഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലായിരുന്നു സുരേന്ദ്രന്റെ യാത്ര എന്നാണ് പ്രാഥമിക വിവരം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ലോക്ക് ഡൗണ്‍ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഡിജിപിയുടെ അറിവോടെ എസ്പി നല്‍കിയ അനുമതിയോടെയാണ് ജില്ലകള്‍ കടന്നുള്ള യാത്രയെന്നാണ് സുരേന്ദ്രന്റെ ആവകാശവാദം. എന്നാല്‍, സുരേന്ദ്രന്റെ ഈ വാദം ഉന്നത പൊലീസുദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.