തിരുവനന്തപുരം: എന്‍ഐഎ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി. ജലീല്‍ വിധേയമാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെയ്ക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുകാരമായുള്ള ബന്ധം, വിശുദ്ധഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയതിന് ജലീല്‍ സഹായിച്ചോ എന്നിങ്ങനെയുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലുള്ളത്. ജലീലിന് മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. കേസെടുത്താലും ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന സി.പി.എമ്മിന്റെ നിലപാട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിലേയ്ക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. ജലീല്‍ രാജിവെക്കേണ്ടിവന്നാല്‍ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും രാജിവെക്കേണ്ടിവരും എന്ന തിരിച്ചറിവുകൊണ്ടാണ് സിപിഎം ജലീലിനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.