പത്തനംതിട്ട് : ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും.
പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരേന്ദ്രനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ ഏകദേശം നാല് മണിയോടെ സുരേന്ദ്രനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയിരുന്നു. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
സന്നിധാനത്തേക്ക് പോകുന്നതിനായി നിലയ്ക്കലില്‍ എത്തിയപ്പോഴാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കാറില്‍ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.