പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ സുരേന്ദ്രനെതിരെയുള്ളത്. ഈ കേസില്‍ 13 ആം പ്രതിയാണ് സുരേന്ദ്രന്‍.
വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു റാന്നി ഗ്രാമന്യായാലയ കോടതി റിമാന്‍ഡ് ചെയ്തത്. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
അതേസമയം ആരോഗ്യസ്ഥിതി പരിഗണിച്ച് തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ഇന്നലെ കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് കള്ളക്കേസുകളില്‍ കുടുക്കിയെന്ന് ആരോപിച്ച് എറണാകുളം ഐജി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മറൈന്‍ ഡ്രൈവിന് മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അനിഷ്ടസംഭവങ്ങളൊന്നും മാര്‍ച്ചിലുണ്ടായില്ല. പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.