മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്‌തെന്നാണ് കേസ്.

ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശാണ് പരാതി നല്‍കിയത്. കേസില്‍ പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പോകുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, കോഴ നല്‍കിയെന്നും കെ സുന്ദര നേരത്തെ പറഞ്ഞിരുന്നു.

കേസിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

 

Top