തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎയും ബിജെപിയും നടക്കുന്നത് സുഗമമായ വഴിത്താരയിലല്ല എന്ന് തനിക്കറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ എന്‍ഡിഎയ്ക്ക് വളരാന്‍ സാധ്യതകളുണ്ട്. അതിലേക്ക് പാര്‍ട്ടിയെ നയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷപദവിയില്‍ നിയമിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തെരഞ്ഞെടുപ്പും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷമാണ് അധ്യക്ഷ പ്രഖ്യാപനം നടന്നത്.അല്ലാതെ സംസ്ഥാനത്ത് തര്‍ക്കമുള്ളതിന്റെ പേരിലല്ല പ്രഖ്യാപനം വൈകിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധസമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാകും ബിജെപിയുടെ ആദ്യ ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടിയെ ഒരു ടീമായി പ്രവര്‍ത്തിപ്പിക്കും. ഒരു വ്യക്തിക്ക് അപ്രമാദിത്വമുണ്ടാകുന്ന രീതിയിലായിരിക്കില്ല പ്രവര്‍ത്തനം. അങ്ങനെ പാര്‍ട്ടിയെ മുന്നോട്ട്ക്കൊണ്ട് പോകാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കും. അഭിപ്രായ ഐക്യത്തോടെയും സമവായത്തോടെയും മുന്നോട്ട് പോകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.