k surendran’s statement

K surendran

കോഴിക്കോട്: കേരളത്തില്‍ ഏതെങ്കിലും അമ്പലത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ പോലീസ് കേസെടുക്കാത്തത് എന്തു കൊണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

ഒരു പെറ്റികേസെങ്കിലും ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നു എന്ന് കാണിച്ച് ധാരാളം പരാതി ലഭിക്കുന്നുവെന്ന് ദേവസ്വം മന്ത്രി വെറുതെ ആരോപിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതിയുണ്ടെങ്കില്‍ അത് ദേവസ്വം മന്ത്രിയല്ല മറിച്ച് ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായിരുന്നു പറയേണ്ടിയിരുന്നത്.

തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം പോലും ഇതുവരെ പറഞ്ഞിട്ടില്ല. ഇതൊരു ആസൂത്രിത നീക്കമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ നോക്കിയാല്‍ മതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതുപോലെ മുന്‍ മന്ത്രി കെ.എം. മാണിക്ക് വേണ്ടി എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് നിസാരമായി കാണാനാകില്ലെന്നും എം. കെ ദാമോദരന്‍ പിണറായിയുടെ വലം കൈയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാണിക്കെതിരായ വിജിലന്‍സ് കേസ് പരിസമാപ്തിയിലെത്തുമോയെന്നത് സംശയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top