തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ. സുരേന്ദ്രന്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. പാര്‍ട്ടി ആസ്ഥാനത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. ശേഷം തുറന്ന വാഹനത്തില്‍ എം.ജി റോഡിലൂടെ പി.എം.ജി ജംഗ്ഷന്‍ വഴി ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് എത്തും.
പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് അധ്യക്ഷ പദവിയെ ചൊല്ലി ബിജെപിയില്‍ ഭിന്നതയും രൂക്ഷമായിരുന്നു.
തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് ഈ മാസം 15-ാം തീയതി കെ.സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.
സുരേന്ദ്രന്‍ യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ അറസ്റ്റ്.
തുടര്‍ന്ന് ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.