തിരുവനന്തപുരം: കെ – സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത സര്‍വീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തല്‍പ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. പകരം കെഎസ്ആര്‍ടിസിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കെഎസ് ആര്‍ടിസി എംഡി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉള്‍പ്പെടുന്നു.
കെഎസ്ആര്‍ടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് INTUC, BMS ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. വിവാദങ്ങക്കുറിച്ച് ഒന്നും പറയാതെ, ആശംസകള്‍ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫിനു ശേഷം വേദി വിട്ടു.
ശമ്പളം വിതരണം വൈകുന്നതിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ് കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസില്‍ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.